
മംഗളൂരു: വിശ്വഹിന്ദു പരിഷത്ത് നേതാവ് ക്ഷേത്രങ്ങളിൽ കവര്‍ച്ച നടത്തിയത്തിന്റെ പിടിയിലായി. ഉള്ളാളിലെ വി.എച്ച്.പി കണ്‍വീനര്‍ മോന്തേപദവിലെ താരാനാഥിനെയാണ് (33) കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂട്ടർ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര കവർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്. മഞ്ചനാടി മോന്തെപദവിലെ ബദറുൽ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച അർധരാത്രി താരാനാഥിനെ പിടികൂടുകയായിരുന്നു.
മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയതുള്പ്പെടെ രണ്ടിടങ്ങളിൽ കവര്‍ച്ച നടത്തിയത് താനാണെന്ന് താരനാഥ് പൊലീസിനോട് സമ്മതിച്ചു. ഈ കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അടുത്തിടെ പ്രദേശത്ത് കൂടുതൽ ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ പൊലീസ് ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.