മനാമ: ബഹ്‌റൈനിലെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ സര്‍ക്കാര്‍-പാര്‍ലമെന്റ് സംയുക്ത യോഗം ചേരും. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുകയാവും യോഗത്തിലെ പ്രധാന അജണ്ട. ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് അല്‍ സയാനി, തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, ശൂറ കൗണ്‍സില്‍-പാര്‍ലമന്റ് കാര്യ മന്ത്രി ഗാനിം ബിന്‍ ഫദ്ല്‍ അല്‍ ബൂഐനൈന്‍ എന്നീ മന്ത്രിമാരും പാര്‍ലമന്റെ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി സാലിഹ് അസ്സാലിഹ്, ഇരു സഭകളിലെയും ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോവിഡ്-19 നെ തുടര്‍ന്ന് രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ നേരത്തെ ബഹ്‌റൈന്‍ ഭരണകൂടം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പൊതുവെ ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തിക വളര്‍ച്ചാക്കുറവിലേക്ക് നയിച്ചതായിട്ടാണ് വിലയിരുത്തല്‍. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അവ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍-പാര്‍ലമെന്റ് സംയുക്ത യോഗം വിലയിരുത്തും.