ഇടപെടല്‍ ആവശ്യപ്പെട്ട് എംബസിക്ക് സംസ്ഥാന സര്‍ക്കാറിന്റെ കത്ത്

മനാമ: ബഹ്‌റയ്‌നിലെ ആല്‍ബ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് വഴി തെളിയുന്നു. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരളാ സര്‍ക്കാര്‍ ബഹ്‌റയ്ന്‍ അംബാസഡര്‍ക്ക് കത്തെഴുതി.

നോര്‍ക്കയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് കത്തെഴുതിയിരിക്കുന്നത്. 45 ഇന്ത്യക്കാരാണ് കൊവിഡ് കാലത്തും ബഹ്‌റയ്‌നിലെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 14 പേര്‍ കേരളീയരാണ്. ഇവരുടെ കാര്യത്തില്‍ അതിവേഗ ഇടപെടലുകള്‍ നടത്താനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരുടെ മോചനത്തിനായി ബഹ്‌റയ്ന്‍ കേരളീയ സമാജം കഴിഞ്ഞ കുറെ ദിവസമായി ശ്രമം നടത്തി വരികയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, വിദേശകാര്യസഹമന്ത്രിവി മുരളീധരന്‍, ഡോ. ശശി തരൂര്‍ എം.പി എന്നിവരെ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടികള്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് കാരണം വിമാന സര്‍വീസുകള്‍ ഇല്ലാതായിപ്പോയതാണ് ഇവര്‍ ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കുടുങ്ങിപ്പോകാനിടയാക്കിയത്.
ഇവരുടെ മോചനത്തിനുള്ള നടപടികള്‍ ഇന്ത്യൻ എംബസി ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത് എന്ന് രാധാകൃഷ്ണപ്പിള്ള അറിയിച്ചു. വിദേശകാര്യവകുപ്പില്‍ നിന്നും ഇതിനായുള്ള നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നാണ് അറിയുന്നതെന്നും രാധാകൃഷ്ണപ്പിള്ള പറഞ്ഞു.