റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: ചങ്ങരംകുളം ദിര്‍ഹത്തിന് പകരം പേപ്പര്‍ കെട്ടുകള്‍ നല്‍കി കൊപ്പം സ്വദേശിയുടെ അഞ്ച് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് അന്യേഷണം ആരംഭിച്ചു. നരണിപ്പുഴ റോഡില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ ഷോപ്പിലെത്തിയ ബംഗാള്‍ സ്വദേശി ദിര്‍ഹം മാറാനെത്തിയിരുന്നു. 100 ദിര്‍ഹം മാറ്റി നല്‍കിയ ശേഷം കൂടുതല്‍ ദിര്‍ഹം ഉണ്ടെന്നും അഞ്ച് ലക്ഷം രൂപക്ക് ദിര്‍ഹം മാറ്റി നല്‍കാന്‍ കരാറുപ്പിക്കുകയായിരുന്നു. ബുധനാഴ്ച ചങ്ങരംകുളത്ത് തൃശ്ശൂര്‍ റോഡിലെ കെട്ടിടത്തിന് സമീപം എത്തിയ ബംഗാളി കൊപ്പം സ്വദേശികളെ ഫോണില്‍ വിളിച്ച് പണവുമായി എത്താന്‍ പറയുകയും കാറിലിരുന്ന് ഡീല്‍ ഉറപ്പിക്കുകയുമായിരുന്നു. ദിര്‍ഹംസും പണവും എണ്ണി തിട്ടപ്പെടുത്തി ബാഗില്‍ വച്ചെങ്കിലും പിന്നീട് പണം കൈമാറുന്നത് സുരക്ഷക്ക് വേണ്ടി മാട്ടം റോഡിലേക്ക് മാറ്റുകയായിരുന്നു. ബാഗ് കൈമാറിയതിന് ശേഷം കൊപ്പം സ്വദേശികള്‍ ബാഗ് പരിശോധിച്ചതോടെയാണ് പണത്തിന് പകരം കടലാസ് കെട്ടുകള്‍ വച്ച് കബളിപ്പിച്ചത് മനസ്സിലായത്. ഈ സമയം തക്കത്തിൽ കടന്ന് കളഞ്ഞിരുന്നു ബംഗാൾ സ്വദേശികൾ. തുടർന്ന് കൊപ്പം സ്വദേശികൾ നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി സിസിടിവി കേമറകള്‍ അടക്കമുള്ള പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്യേഷണം തുടങ്ങിയതായി എസ്.ഐ പറഞ്ഞു.