ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്ത് പുതുതായി സമര്‍പ്പിക്കപ്പെട്ട അഞ്ചു ഹരജികളില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ, ജസ്റ്റിസുമാരായ എ.എസ് ബൈപ്പണ്ണ, റിഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. തമിഴ്‌നാട് തൗഹീദ് ജമാഅത്ത്, ആള്‍ ആസാം ലോ സ്റ്റുഡന്‍സ് യൂണിയന്‍, മുസ്്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍(ആസാം), സച്ചിന്‍ യാദവ്, ഷാലിം എന്നിവരാണ് ഹരജിക്കാര്‍. ഹരജികളെല്ലാം ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം രജിസ്ട്രി ഫയലില്‍ സ്വീകരിച്ചിരുന്നില്ല. സമസ്ത കേരള ജംഇയ്യത്തും ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് എന്നീ സംഘടനകള്‍ ഉള്‍പ്പടെ 160 കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ നേരത്തെ തന്നെ കോടതിയുടെ പരിഗണനയിലുണ്ട്.
പൗരത്വ നിയമഭേദഗതി 1985ലെ അസം കരാറിന് വിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കണമെന്നും ആള്‍ ആസാം ലോ സ്റ്റുഡന്‍സ് യൂണിയന്‍, മുസ്്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍(ആസാം) എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിനവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ജനുവരി 10നാണ് രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വനിയമഭേദഗതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്ക് കുടിയേറിയ മുസ്്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് നിയമം.