മനാമ: കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും തകൃതിയായി തുടരുന്നു.
പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി ഇടപെട്ട് തിരികെ വാങ്ങി നൽകി.

വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവർ മലയാളിയായ പലിശക്കാരനിൽ നിന്നും പണം വാങ്ങിയത്. ഇതിനിടെ കോവിഡ് 19 കാരണം ജോലിയും വരുമാനവും നിലച്ച ഇവർക്ക് പലിശ തിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സമിതിയെ സമീപിക്കുന്നത്. പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമ്മീഷൻ അംഗവുമായ കണ്ണൂർ സുബൈർ, സെക്രട്ടറി ദിജീഷ്, കൺവീനർ യോഗാനന്ദ്, നാസർ മഞ്ചേരി എന്നിവർ ചേർന്ന് പാസ്പോർട്ടുകൾ ഇരകൾക്ക് കൈമാറി.

ഇപ്പോൾ നാട്ടിലുള്ള പലിശക്കാരനിൽ നിന്നും പാസ്പോർട്ടുകൾ തിരികെ ലഭിക്കാൻ ശക്തമായ ഇടപെടലുകൾ നടത്തേണ്ടി വന്ന സമിതിക്ക് ഇതിനായി കണ്ണൂർ സുബൈറിന്റേയും, സിയാദ് ഏഴംകുളത്തിന്റെയും ഇടപെടലുകൾ വളരെയധികം സഹായകരമായി. കൂടുതൽ പാസ്പോർട്ടുകൾ ഇയാളുടെ കൈവശമുണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ സമിതിക്ക് ലഭിക്കാനിടയുണ്ടെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.
യാതൊരു സാഹചര്യത്തിലും പാസ്പോർട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രമോ ഒരു ഇടപാടുകൾക്കും ഈടായി നൽകരുതെന്ന് ഭാരവാഹികൾ പൊതു സമൂഹത്തോട് അഭ്യർത്ഥിച്ചു. സമിതിക്ക് ലഭിച്ച മറ്റ് ചില പരാതികളിന്മേലുള്ള ഇടപെടലുകൾ ഉടനുണ്ടാവുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും അംഗങ്ങളായ പലിശ വിരുദ്ധ സമിതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 33882835, 35050689 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.