ന്യൂഡല്‍ഹി: മണം, രുചി എന്നിവ തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുള്‍പ്പെടുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫക്കെട്ട്, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് പുറമെയാണ് മണം, രുചി എന്നിവ തിരിച്ചറിയാത്തത് കൂടി ലക്ഷണമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് ഗുരുതരമായി ബാധിക്കുമെന്നും മാര്‍ഗരേഖ പറയുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കാന്‍സര്‍ എന്നിവയുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും അപകട സാധ്യത കൂടുതലായിരിക്കും.

വൈറസ് ബാധിതനായുണ്ടാകുന്ന വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്ലെറ്റുകള്‍ വഴിയാണ് രോഗം പകരുക. ഈ ഡ്രോപ്പ്ലെറ്റുകള്‍ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതറിയാതെ മറ്റൊരാള്‍ ആ പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണ്, മൂക്ക് എന്നിവയില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ വൈറസ് ബാധയുണ്ടാകും. രോഗബാധയുണ്ടായി രണ്ടു ദിവസം കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമെന്നും മാര്‍ഗരേഖ പറയുന്നു.