മനാമ: ഏപ്രിൽ 15ന് രാജ്യത്ത് പുതുതായി 145 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 128 പേരും പ്രവാസി തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം 3288 വിദേശ തൊഴിലാളികൾക്കിടയിൽ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ഇത്രയും പേർക്ക് കൂടി വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക പരിചരണത്തിനും മറ്റുമായി ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ഉച്ചകഴിഞ്ഞ് 3 മണിക്കും(143) വൈകിട്ട് 7 മണിക്കും (2) പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1003 ആയി. ഇന്ന് 15 പേർ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 73272 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയത്. 1003 പേർ ചികിത്സയിൽ തുടരുമ്പോൾ ആകെ 663 പേർ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ 3 പേരൊഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 60 കാരനായ സ്വദേശി പൗരനടക്കം രാജ്യത്ത് 7 പേരാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ മേഖലകളിലും ലേബർ ക്യാമ്പുകളിലും പരിശോധന ശക്തമാക്കിയതിനാലാണ് ഇത്രയധികം കേസുകൾ തിരിച്ചറിയാൻ സാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ഇടങ്ങളിൽ മൊബൈൽ യൂണിറ്റുകൾ വഴിയും പരിശോധന ശക്തിപ്പെടുത്തുന്നുണ്ട്. ഇതുവരെ സമൂഹ വ്യാപനം വഴി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസകരമാണ്.