കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് മാസ്‌ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ പല ആളുകളുടെയും തെറ്റിധാരണ മാസ്‌ക് ധരിച്ചാല്‍ മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണ്. എന്നാല്‍ നമ്മൾ മനസ്സിലാക്കേണ്ട വസ്തുത മാസ്‌ക്ക് ഭാഗികമായ സംരക്ഷണം മാത്രമാണ് നല്കുന്നത് പ്രത്യേകിച്ച് തുണിയിൽ നിർമിച്ച മാസ്‌ക്കുകള്‍.

കൈകള്‍ നന്നായി സോപ്പിട്ടു കഴുകുക, തുമ്മൽ വരുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും പൊത്തിപിടിക്കുക എന്നീ അടിസ്ഥാന കാര്യങ്ങള്‍ക്ക് പകരമാവില്ല മാസ്‌ക്ക് ഒരിക്കലും. സാമൂഹ്യ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌ക്ക് ധരിച്ചതുകൊണ്ട് പാലിക്കേണ്ട അകലം ഒരു വിധത്തിലും കുറയുന്നില്ല എന്ന് നമ്മൾ ഓര്‍ക്കണം.

തുണിയിൽ മാസ്കുകൾ നിര്മിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. ത്രെഡ് കൗണ്ട് 180 ന് മുകളില്‍ ഉള്ള കോട്ടണ്‍ തുണി കൊണ്ട് വേണം മാസ്‌ക്ക്
ഉ ണ്ടാക്കാന്‍. (എന്താണ് ത്രെഡ് കൗണ്ട്? ഒരു ചതുരശ്ര ഇഞ്ച് തുണിത്തരത്തില്‍ അടങ്ങിയിരിക്കുന്ന ത്രെഡുകളുടെ എണ്ണം ആണ് ത്രെഡ് കൗണ്ട് എന്ന് പറയുന്നത്. നീളത്തില്‍ ഉള്ളതും (വാര്‍പ്പ് Warp), വീതിയില്‍ ഉള്ളതും (വെഫ്റ്റ് Weft) ആയ നൂലുകളുടെ മൊത്തം എണ്ണം (Warp + Weft) ആണിത്)

2. മാസ്‌ക്ക് വൃത്തിയുള്ളതും, അണുവിമുക്തവുമാണ് എന്ന് ഉറപ്പു വരുത്താന്‍ മാസ്‌ക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതായിരിക്കും നല്ലത്.

3. ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന തുണി സോപ്പ് പൊടി ഉപയോഗിച്ച് നന്നായി കഴുകി, ഉണക്കി, ഇസ്തിരിയിട്ട് എടുക്കുക. രണ്ടുപാളി തുണി എങ്കിലും കൊണ്ടു വേണം ഒരു മാസ്‌ക്ക് നിര്‍മിക്കാന്‍.

4. വായും മൂക്കും താടിയും പൂര്‍ണമായി മറയുന്ന രീതിയിലായിരിക്കണം മാസ്‌ക്കുകള്‍ കെട്ടേണ്ടത്. അതിനാണ് മാസ്‌കുകള്‍ ഉണ്ടാക്കുമ്പോള്‍ പ്ലീറ്റുകള്‍ വെക്കുന്നത്. ചുരുങ്ങിയത് മൂന്ന് പ്ലീറ്റുകള്‍ എങ്കിലും ഉണ്ടെങ്കിലേ മേല്‍ പറഞ്ഞ രീതിയില്‍ മാസ്‌ക്ക് മുഖം നന്നായി മറയ്ക്കൂ.

5. മാസ്‌ക്ക് ഉണ്ടാക്കുമ്പോള്‍ അതിനു മുകളിലും താഴേയും കെട്ടുന്ന വള്ളികള്‍ അല്ലെങ്കില്‍ ഇലാസ്റ്റിക് ബാന്‍ഡ് വെക്കേണ്ടതാണ്. മാസ്‌ക്ക് നന്നായി മുഖത്തോടു ചേര്‍ന്ന് നില്ക്കാന്‍ ഇത് ആവശ്യമാണ്.

6. പുറത്തുനിന്ന് വാങ്ങുന്ന മാസ്‌ക്കുകള്‍ നന്നായി സോപ്പിട്ടു കഴുകി, ഉണക്കി, നല്ല ചൂടില്‍ ഇസ്തിരിയിട്ട ശേഷം മാത്രമേ ഉപയോഗിക്കാവൂ.

7. മാസ്‌ക്ക് ധരിക്കുമ്പോള്‍ വശങ്ങളില്‍ മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന രീതിയില്‍ വേണം നിര്‍മ്മിക്കാന്‍. വശങ്ങളിലൂടെ വായു വരുന്നില്ല എന്ന് ഉറപ്പു വരുത്തണം.

നമ്മൾ മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മാസ്‌ക്ക് എടുക്കും മുന്‍പ് കൈകള്‍ സോപ്പിട്ടു കഴുകുക.

2. വായ്, മൂക്ക്, താടി എന്നിവ പൂര്‍ണമായ രീതിയില്‍ മറയുന്ന തരത്തില്‍ മാസ്‌ക്ക് മുഖത്ത് വെച്ച ശേഷം പിന്നില്‍ കെട്ടുക.

3. മാസ്‌ക്കിന്റെ പ്ലീറ്റുകള്‍ താഴേക്ക് നില്‍ക്കുന്ന രീതിയില്‍ ആയിരിക്കണം മാസ്‌ക്ക് കെട്ടേണ്ടത്.

4. വശങ്ങളിലൂടെ വായു കടക്കാത്ത രീതിയില്‍ ടൈറ്റ് ആയി വേണം മാസ്‌ക്ക് കെട്ടാന്‍.

5. ഒരാള്‍ക്ക് തുടര്‍ച്ചയായ ഉപയോഗം ഉണ്ടെങ്കില്‍ നാല്അഞ്ച് മാസ്‌ക്കുകള്‍ എങ്കിലും വേണ്ടി വരും. പുറത്തു പോകുമ്പോള്‍ ആവശ്യത്തിന് മാസ്‌ക്കുകള്‍ കയ്യില്‍ കരുതുക