10 ദിവസം കൊണ്ട് ഇന്ത്യയില്‍ ഒരു ലക്ഷം പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗത്തില്‍ കൊവിഡ് പടരുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 10 ദിവസം കൊണ്ട് ഒരു ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. കൊവിഡ് കേസുകള്‍ മൂന്നു ലക്ഷം കടക്കാന്‍ എടുത്ത സമയത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ജനുവരി 30ന് ആദ്യകേസ് റിപോര്‍ട്ട് ചെയ്യപ്പെട്ട ശേഷം 134 ദിവസം കൊണ്ടാണ് ഇന്ത്യയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യു.എസ് 73 ദിവസം കൊണ്ടാണ് മൂന്ന് ലക്ഷത്തിലെത്തിയത്. ബ്രസീലും റഷ്യയും മൂന്ന് ലക്ഷത്തിലെത്തിയത് യഥാക്രമം 85, 109 ദിവസങ്ങള്‍ കൊണ്ടാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേര്‍ക്ക് കൊവിഡ്. 386 മരണവും റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ പതിനായിരം കടന്നതിന് പിന്നാലെയാണ് 24 മണിക്കൂറിനുള്ളില്‍ 11,458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തിനൊപ്പം മരണ നിരക്കിലും വര്‍ദ്ധനയുണ്ടായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡല്‍ഹി എയിംസ് ആശുപത്രി കേന്ദ്രീകരിച്ചാവും സമിതി പ്രവര്‍ത്തിക്കുക. മരണ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കാന്‍ ഓരോ സംസ്ഥാനങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.
അനൗദ്യോഗിക കണക്ക് പ്രകാരം ഇന്നലെ വൈകിട്ട് വരെ 3,10,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണം 8,895 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 7,135 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,54,329 പേര്‍ക്കാണ് ഇതുവരെ ആകെ രോഗം ഭേദമായത്.