
ദോഹ: ആഭ്യന്തര തലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുമ്പന്തിയിലാണ് ഖത്തര്‍. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഇതുവരെ സഹായമെത്തിച്ചത്.
യു.എസ്, യു.കെ, ഫ്രാന്‍സ്, കോംഗോ, അംഗോള, ഇറ്റലി, ഇറാന്, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അല്‍ജീരിയ, സോമാലിയ, ഫലസ്തീന്, യമന്‍, ലബനന്, അല്‍ബേനിയ എന്നീ രാഷ്ട്രങ്ങളില്‍ ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ആദ്യഘട്ടത്തില്‍ ഏറെ ബാധിച്ച ഇറ്റലിയില്‍ അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് രാജ്യം ഒരുക്കിയത്. ടുണീഷ്യയിലും ആശുപത്രി സജ്ജമാക്കി. കോവിഡ് സഹായമായി ഇതുവരെ 140 ദശലക്ഷം യു.എസ് ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.
മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്നോണം അഫ്ഗാനിസ്താന്, കസാഖിസ്താന്‍, ബോസ്നിയ ഹെര്‍സഗോവിന, വടക്കന്‍ മാസിഡോണിയ, സെര്‍ബിയ രാജ്യങ്ങളിലേക്കും ഖത്തര്‍ അടിയന്തര സഹായമെത്തിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ, ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയായ യു.എന്‍.ഡി.പിയിലും ഖത്തര്‍ സഹകരിക്കുന്നുണ്ട്.