ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് മുസ്‌ലിം പള്ളികളുടെ പേര് നല്‍കി അധികൃതര്‍. പ്രദേശത്തുള്ള 10 ഹോട്ട്‌സ്‌പോട്ടുകളില്‍ 8 എണ്ണത്തിനും മുസ്‌ലിം പള്ളികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

രോഗബാധക്കെതിരെ പോരാടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ അവസ്ഥ ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ അവരുടെ ശ്രദ്ധ മതപരമായ കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ തിരിച്ചു വിടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഒരു പ്രത്യേക മതവുമായി അസുഖത്തെ ബന്ധിപ്പിക്കുന്നത് വിവേചനമാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിയും വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.