ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനിടെ കോവിഡ് ബാധിതര്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം. സൗത്ത് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് സ്വദേശി അമര്‍ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ട്വീറ്റ് ചെയ്തത്. സൗത്ത് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് സ്വദേശിയായ 68 വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിലാണ് ആരോപണം ശക്തമായിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മകള്‍ അമര്‍ പ്രീതിന്റെ ആദ്യ ട്വീറ്റ് വരുന്നത്. എല്‍.എന്‍.ജി.പി ആശുപത്രിയില്‍ എട്ടുമണിയോടെ എത്തിയതാണെന്നും ഇതുവരെ ചികിത്സ ലഭിച്ചില്ലെന്നും സഹായിക്കണമെന്നും ആയിരുന്നു ട്വീറ്റ്. വൈകാതെ ചികിത്സ ലഭിച്ചില്ലെന്നും 9 മണിക്ക് പിതാവ് മരിച്ചതായും രണ്ടാമതൊരു ട്വീറ്റ് കൂടി ചെയ്തു.
പിന്നാലെ കുടുംബാംഗങ്ങളുടെ പരിശോധന വൈകുന്നതായും അമര്‍ പ്രീത് ആരോപിച്ചു. ആരോപണത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ പുതിയ ചികിത്സാ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ചികിത്സ നിഷേധിച്ചിട്ടില്ല എന്നും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമര്‍ പ്രീതിനെ കൂടാതെ സമാന അനുഭവം വ്യക്തമാക്കി നിരവധി പേര്‍ എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോട ആശുപത്രിയിലെത്തുന്ന രോഗികളെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് ഡല്‍ഹി സര്‍ക്കാര്‍ മാര്‍ഗരേഖ ഇറക്കി. തുടര്‍ ചികിത്സക്ക് മാര്‍ഗമില്ലെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.