മനാമ: ജൂൺ 20 മുതൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം എന്ന നിര്ബന്ധബുദ്ദിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ഇന്ഡക്സ് ബഹ്റൈൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സാമ്പത്തികവും മാനസികവും ആയി ഏറെ പ്രയാസപ്പെട്ടാണ് ഓരോ പ്രവാസിയും ചാർട്ടേഡ് വിമാനങ്ങളിലായാലും വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലായാലും ഇപ്പോൾ നാട്ടിലേക്ക് വിമാനം കയറുന്നത്. ടെസ്റ്റുകൾ നടത്തുവാൻ വേണ്ടി വരുന്ന സമയവും സാമ്പത്തിക പ്രയാസവും വലിയ മനഃപ്രയാസമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്. ദിവസങ്ങളോളം കാത്തിരുന്നതിനു ശേഷമാണ് പലർക്കും ടെസ്റ്റുകൾ ചെയ്യുവാനുള്ള അവസരം തന്നെ ലഭിക്കുന്നത്. താങ്ങാനാവാത്ത ചാർജുമാണ് പ്രൈവറ്റ് ആശുപത്രികൾ ഈടാക്കുന്നത്. ഗവർമെന്റ് സംവിധാനത്തിൽ ചെയ്യുവാൻ ദിവസങ്ങൾ കാത്തിരിക്കണം. നെഗറ്റീവ് സെർട്ടിഫിക്കറ്റുള്ളവർക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്ന സ്ഥിതിയാണ് ഉണ്ടാവാൻ പോവുന്നത്. കാരണം പല ചാർട്ടേഡ് വിമാനങ്ങൾക്കും പോവുന്നതിനു തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമാണ് യാത്രാ അനുമതി ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ളൈറ്റുകളെന്ന പദ്ധതികൾ മുഴുവനായും നിർത്തിവെക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ചുരുങ്ങിയ ചിലവിൽ കോവിഡ് ടെസ്റ്റ് നടത്തിക്കിട്ടുവാൻ പല സ്വകാര്യ ആശുപത്രികളുമായും പ്രവാസി സംഘടനകൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അതിന്റെ സാധ്യതകൾ അതിവിദൂരമാണ്. ഗവൺമെന്റ് തലത്തിലുള്ള ചില തീരുമാനങ്ങൾ അതിൽ ഉണ്ടാവേണ്ടതുണ്ട്. ഓരോ ഇന്ത്യാക്കാരനും ഇവിടെ എംബസ്സിയുടെ നേതൃത്വത്തിൽ ആശുപത്രികളുമായി സഹകരിച്ച് ടെസ്റ്റുകൾ നടത്തികൊടുക്കുവാൻ കഴിയും. അത്തരം ഒരു ശ്രമം നടത്തിയതിനു ശേഷമാവേണ്ടിയിരുന്നു ഇത്തരം ഒരു ശ്രമം ഗവെർന്മെന്റ് കൈകൊള്ളേണ്ടിയിരുന്നത്. റാപ്പിഡ് ടെസ്റ്റുകൾ ചെയ്യുവാൻ വിദേശകാര്യമന്ത്രാലയുമായി ആലോചിച്ച് ചെയ്യുവാൻ ഉള്ള സൗകര്യം സർക്കാർ തന്നെ ചെയ്യുകയും അതിനുള്ള സാമ്പത്തികം എടുക്കകയും വേണം. ഗവൺമെന്റ് തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ തീർച്ചയായും ഗൾഫിലെ ഭരണാധികാരികളിൽ നിന്നും സഹായങ്ങൾ ലഭിക്കും.
കൊറോണകാലം ആരംഭിച്ചത് മുതൽ പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചിലവഴിച്ചത് മരുന്നുകൾ വാങ്ങിക്കുവാനാണ്. അത്രമാത്രം മാനസിക സമർദ്ദങ്ങളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. പിറന്ന മണ്ണും സർക്കാരും കൂടെയുണ്ടെന്ന ആശ്വാസമായിരുന്നു നാളിതുവരെയും. അത്തരം
പ്രതീക്ഷകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ സ്വന്തം പ്രജകളുടെ ക്ഷേമത്തിനും ജീവിതത്തോട് മല്ലടിക്കുന്ന അവരൊപ്പം നിൽക്കുകയുമാണ് വേണ്ടത്. പ്രവാസികളാരും സ്വന്തം നാടിനെ മറന്നല്ല ജീവിക്കുന്നത്. സ്വന്തം നാടിനെ നെഞ്ചോടു ചേർത്താണ് ഒരു പ്രവാസിയും കഴിയുന്നത്. നിർഭാഗ്യവശാൽ സർക്കാരുകൾക്ക് എന്നും പ്രവാസികൾ കറവപ്പശുക്കൾ മാത്രമാണ് എന്നതാണ് ദുഃഖ സത്യം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു പ്രവാസികൾ ഒരുമിക്കുവാൻ തുടങ്ങിയിരിക്കുന്നു ഈയൊരു വിഷയത്തിൽ എന്നത് സർക്കാരുകൾ ഓർക്കുന്നത് നന്നായിരിക്കും എന്നും ഇന്ഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു.