ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 5,000-ലേറെ പി.എല്‍.എ സൈനികര്‍ പാങ്കോങ്, ഗല്‍വാന്‍ പ്രദേശങ്ങളില്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയര്‍ന്ന് ആഴ്ചകള്‍ക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാന്‍ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇത്തരം സാഹചര്യങ്ങള്‍ ചെയ്യേണ്ടത് എന്താണോ അതെല്ലാം ഇന്ത്യന്‍ സൈന്യവും ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ചൈനയുമായുള്ള പ്രശ്നപരിഹാരത്തിന് ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ല. നിലവില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജൂണ്‍ ആറിന് ഉന്നതതല ചര്‍ച്ചയും നടത്തും. – മന്ത്രി പറഞ്ഞു. ‘ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നമ്മള്‍ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കും- രാജ് നാഥ് പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമുറപ്പിക്കുകയും, ടാങ്കുകളും പീരങ്കികളുമടക്കമുള്ള യുദ്ധോപകരണങ്ങള്‍ എത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതെന്ന് പറയപ്പെടുന്ന, സ്ഥിരീകരിക്കപ്പെടാത്ത ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതിര്‍ത്തിയിലെ പ്രശ്നങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യം പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.