തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സമയത്തും പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കത്തയച്ചു. തുടര്‍ച്ചയായി ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ ഡിസലിനും പെട്രോളിനും മേലുള്ള എക്സൈസ് തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി കത്തിലാവശ്യപ്പെട്ടു.