ന്യൂഡല്‍ഹി: രണ്ടു സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേ ആരോപണമുന്നയിച്ചതിന് മുന്ന് അഭിഭാഷകര്‍ക്ക് സുപ്രിംകോടതി മൂന്നു മാസം തടവും 2000 രൂപ വീതം പിഴയും വിധിച്ചു. ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് നിലേഷ് ഓജ, ഇന്ത്യന്‍ ബാര്‍ അസോസിയേഷന്‍ മഹാരാഷ്ട്ര, ഗോവ സ്‌റ്റേറ്റ് പ്രസിഡന്റ് വിജയ് കുര്‍ലെ, ഹ്യൂമന്‍ റൈറ്റ്‌സ് സെക്യൂരിറ്റി കൗണ്‍ലിന്റെ നാഷണല്‍ സെക്രട്ടറി റാഷിദ് ഖാന്‍ പത്താന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ മൂന്നു പേരും ജയില്‍ ശിക്ഷക്ക് വിധേയമാകണം.
ജസ്റ്റിസുമാരായ ഫാലി എസ്. നരിമാന്‍, വിനീത് സരണ്‍ എന്നിവര്‍ക്കെതിരേയാണ് മൂന്നു പേരും ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. ജൂഡീഷ്വറിയെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കേസില്‍ വിധി പറയവെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പിന്‍മാറണമെന്നാവശ്യപ്പെട്ട് നിലേഷ് ഓജ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.