ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തിവച്ച ട്രയിന്‍ സര്‍വ്വീസുകള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ഇതിലേക്കുള്ള റിസര്‍വേഷന്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണി മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി 15 പാസഞ്ചര്‍ തീവണ്ടികള്‍ ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുമെന്ന് റയില്‍വേ അറിയിച്ചു. അതിന്റെ തിരിച്ചുള്ള സര്‍വ്വീസ് കൂടിയാവുമ്പോള്‍ സര്‍വ്വീസുകളുടെ എണ്ണം 30 ആവും. സ്‌പെഷ്യല്‍ ട്രയിനുകളായിട്ടാവും ഇവ സര്‍വ്വീസ് നടത്തുക. തിരുവനന്തപുരം, ചെന്നൈ, ദില്‍ബര്‍ഗ, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, ഭൂവനേശ്വര്‍, സെക്കന്തരാബാദ്, ബാംഗ്ലൂര്‍, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്.
ഇതിനു പിന്നാലെ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വ്വീസ് നടത്തുമെന്നും റയില്‍വേ അറിയിച്ചു. കൊവിഡ് ഐസൊലേഷനും മറ്റുമായി നല്‍കിയ 20,000 കോച്ചുകള്‍ തിരിച്ചു കിട്ടുന്ന മുറക്കാവും കൂടുതല്‍ സര്‍വ്വീസ് തുടങ്ങുക. ഐ.ആര്‍.സി.ടി.സി മുഖേനയുള്ള ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. റയില്‍വേയുടെ ടിക്കറ്റ് കൗണ്ടറുകള്‍ അടഞ്ഞു തന്നെ കിടക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ പോലുമുണ്ടാകില്ല. കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമായിരിക്കും റയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.