‘കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്നത് നീതികേട്: ഐ.ഓ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ.’

കോവിഡ് വൈറസ് വ്യാപനത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിയ്ക്ക് തുടക്കം കുറിച്ച് വന്ദേ ഭാരത് മിഷൻ എന്ന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടപ്പോൾ നമ്മൾ കരുതിയത് തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാരെ സൗജന്യമായി യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ച് ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയായിരിക്കുമെന്നാണ്. എന്നാൽ അങ്ങിനെ ഒരു സഹായം കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പേരിന് കുറച്ച് വിമാനങ്ങൾ മാത്രം ഏർപ്പെടുത്തിക്കൊണ്ട് ഈ ദൗത്യം എയർ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. നാല് ലക്ഷത്തോളം പേർ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായ് നാട്ടിലെത്താൻ എംബസികളിൽ പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോൾ വെറും നാല്പത്തിനായിരത്തിൽ താഴെ ആളുകളെ മാത്രമേ ഈ മിഷനിലൂടെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുള്ളൂ.

വന്ദേ ഭാരത് മിഷനിൽ സൗദിയിൽ നിന്നുള്ള വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറക്കാനും ഗൾഫിൽനിന്നും യാത്രാ വിമാനങ്ങൾ കൂടുതൽ ഏർപ്പെടുത്തണമെന്നുമുള്ള ഐ.ഒ.സി മിഡിൽ ഈസ്റ്റിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തമിഴ് നാട്ടിൽനിന്നുമുള്ള എം.പി മാണിക്കം ടാഗോർ കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകിയ നിവേദനത്തിന്റ പകർപ്പ്.

പ്രവാസികളോടുള്ള നീതി നിഷേധത്തോടൊപ്പം അവരോടെന്തോ ദ്രോഹം തീർക്കാനെന്നപോലെ ഇപ്പോൾ വന്ദേ ഭാരത് മിഷനിൽ സൗദിയിൽനിന്നുള്ള വിമാന ടിക്കറ്റ് ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന്നത് അങ്ങേയറ്റത്തെ നീതികേടാണ്. കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്ന ഈ നീതികേട്‌ അവസാനിപ്പിക്കണമെന്നും ഗൾഫിൽനിന്നും കൂടുതൽ യാത്രാ വിമാനങ്ങൾ കുറഞ്ഞ നിരക്കിൽ ഏർപ്പെടുത്തി ഇപ്പോൾ സൗദിയിൽ നിന്നും വർധിപ്പിച്ചിരിക്കുന്ന നിരക്ക് വർദ്ധന പിൻ വലിക്കണമെന്നും ഇന്ത്യൻ ഓവർസീസ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.