മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിൽ പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ആദ്യഘട്ടമായി നൽകുന്ന 5 ടിക്കറ്റിൽ ആദ്യ ടിക്കറ്റ് കൈമാറി. ഐവൈസിസി പ്രവർത്തകർ അവരുടെ വരുമാനത്തിൽ നിന്നുള്ള പണം നീക്കി വെച്ചാണ് ടിക്കറ്റുകൾ നൽകുന്നത്.

വിസിറ്റിംഗ് വിസക്ക് എത്തിയ മലപ്പുറം കാവനൂർ സ്വദേശിക്കാണ്‌ ടിക്കറ്റ് നൽകിയത്. ബഹറിനിൽ എത്തി നാല് മാസമായിട്ടും ജോലി കണ്ടെത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന കാശ് തീരുകയും ഭക്ഷണത്തിനു പോലും‌ ഗതിയില്ലാതെ മറ്റുളളവരുടെ സഹായം കൊണ്ടായിരുന്നു ജീവിച്ചിരുന്നത്.
ഒരു കാലിന് സ്വാധീനക്കുറവുള്ള ഇദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ഏറ്റവും അർഹനായ വ്യക്തിക്കാണ് സഹായം എത്തിച്ചത് എന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് അനസ് റഹിം അഭിപ്രായപ്പെട്ടു. ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, ദേശീയ കമ്മറ്റി അംഗം ഷിഹാബ് കരുകപുത്തൂർ, മുഹറഖ് ഏരിയ സെക്രട്ടറി രജീഷ് പി.സി എന്നിവരും സന്നിഹിതരായിരുന്നു.