മനാമ: ഗൾഫ് രാജ്യങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്ന പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച കോവിഡ് രോഗ പരിശോധന സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം യാത്രാനുമതി നൽകുന്ന തീരുമാനം ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സന്ദർഭോചിതമായ ഇടപ്പെടൽ മൂലം കേരള സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു.

നാൽപ്പത്തിയെട്ട് മണിക്കുറിനകം നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയ സർട്ടിഫിക്കറ്റുമായി മാത്രം യാത്ര ചെയ്യാൻ അനുവദിക്കുന്ന നയമാണ് കേരള സർക്കാർ പിൻവലിച്ചത്.

കേരളത്തിലെ ആരോഗ്യ രംഗത്തെ മുൻകരുതലിന്റെ ഭാഗമായിട്ടാണെങ്കിലും മഹാ ഭൂരിപക്ഷം വരുന്ന യാത്രക്കാരും ജോലി നഷ്ടപ്പെട്ടവരും പല തരം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരും ആയതു കൊണ്ടും ഗൾഫിൽ സ്വകാര്യ കോവിഡ് പരിശോധനക്ക് വരുന്ന ഭാരിച്ച പണ ചിലവും നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് താങ്ങാനാവുന്നതല്ല എന്നും മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ സാധിച്ചെന്നും വളരെ വേഗത്തിൽ അനുകൂല തീരുമാനമുണ്ടായതായും ബഹ്‌റൈൻ കേരളീയസമാജത്തിന്റെ ശ്രമം കേവലം സമാജത്തിന്റെ വിമാന സർവ്വീസിനു വേണ്ടി മാത്രമായിരുന്നില്ല, ബഹറിൻ അടക്കമുള്ള ജിസിസിയിലെ മുഴുവൻ സംഘടനകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഈ കാര്യത്തിൽ നടത്തിയ ഇടപ്പെടലുകളുടെ വിജയത്തിൽ ഫലം കണ്ടതിൽ വ്യക്തിപരമായും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് എന്ന നിലയിലും സന്തോഷമുണ്ടെന്ന് പി.വി രാധാകൃഷ്ണപിള്ള വ്യക്തമാക്കി. ഈ വരുന്ന ഇരുപതാം തിയ്യതിക്ക് മുൻപായി ഏഴോളം വിമാനങ്ങളാണ് ബഹറിൻ കേരളീയ സമാജം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങളിലേക്ക് സർവ്വിസ് നടത്തുന്നത്. സമാജം ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്ന യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്ക് മാത്രമായി സമാജം ബുക്കിങ്ങ് പരിമിതപ്പെടുത്തിരിക്കുകയാണ്. ബഹറിൻ മലയാളികൾക്ക് സമാജത്തോടുള്ള വിശ്വാസത്തിനും സഹകരണത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് പി.വി രാധാകഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും നന്ദി രേഖപ്പെടുത്തി.

ഇതിനകം ജി.സി.സിയിൽ ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാന സർവ്വീസ് നടത്തുന്ന സംഘടനയായി സമാജം മാറി.

ഇന്നലെ വൈകി വന്ന പുതിയ യാത്രാപെരുമാറ്റച്ചട്ടം ലഘുകരിച്ച് കിട്ടുന്നതിനായി നിരന്തരം പരിശ്രമിച്ച സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയ്ക്കും പ്രവാസി മലയാളികളുടെ യാത്രാ വിഷയത്തിൽ കേരള സർക്കാറും വിശേഷിച്ച് നോർക്കയും സ്വീകരിക്കുന്ന അനുകൂല സമീപനത്തിനും ബഹറിൻ കേരളീയ സമാജം നന്ദി രേഖപ്പെടുത്തുന്നതായി സമാജം വാർത്താകുറിപ്പിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.