ജാതിയുടെയും മതത്തിന്റെയും പേരിൽ തല്ലിക്കൊല്ലുന്ന ഇന്ത്യയെന്ന മഹാ രാജ്യത്തിനു തന്നെ മാതൃകയായി കേരളം”

പാവറട്ടി: വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കൾക്ക് ആശ്വാസമായി പള്ളി കമ്മിറ്റി. പാവറട്ടിയിലെ പുതുമനശ്ശേരി ജുമാ മസ്ജിദാണ് തങ്ങളുടെ ഭൂമിയിൽ അന്ത്യകർമങ്ങൾക്ക് സ്ഥലമൊരുക്കി നൽകി റമദാൻ ദിനത്തിൽ മാതൃകയായത്.

പുതുമനശ്ശേരി കൂത്താട്ടിൽ അയ്യപ്പന്റെ ഭാര്യ തങ്ക(78) യുടെ മൃതദേഹമാണ് മസ്ജിദിന്റെ ഭൂമിയിൽ സംസ്കരിച്ചത്. സ്ഥലമില്ലാത്തതിനാൽ തങ്കയുടെ മൃതദേഹം എവിടെ സംസ്കരിക്കും എന്ന ബന്ധുക്കളുടെ വലിയ മനഃപ്രയാസത്തിനാണ് പള്ളി കമ്മിറ്റി പരിഹാരം കണ്ടത്.

വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ സാധിക്കില്ലെന്നു മനസിലായതോടെ മകൻ രാജേഷ് സിപിഐഎം പുതുമനശ്ശേരി ബ്രാഞ്ച് അംഗം കൊടുവീട്ടിൽ ഇബ്രാഹിമിന്റെ സഹായം തേടുകയായിരുന്നു.

ഇബ്രാഹിം മഹല്ല് അംഗങ്ങളുമായി സംസാരിച്ച് മൃതദേഹം മസ്ജിദ് വളപ്പിൽ സംസ്കരിക്കാൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മഹല്ല് പ്രസിഡന്റ് അബ്ദുൽ അസീസ്, സുതാനത്ത് സെക്രട്ടറി അബ്ദുൽ മനാഫ് എന്നിവർ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയതോടെ തങ്കയ്ക്ക് ശാന്തമായ അന്ത്യവിശ്രമം.