ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പോലിസ് കേസെടുത്തു. പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്താണ് നടന്നതെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ ആറ് പരാതികളിലാണ് ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനുള്‍പ്പടെയുള്ളവരാണ് പരാതി നല്‍കിയത്.
മെയ് 29 ന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനാന്തരങ്ങളില്‍ അപകടത്തെ തുടര്‍ന്ന് ചരിഞ്ഞ ഒരു കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലക്കെതിരേയും മലപ്പുറത്തെ ഭൂരിപക്ഷം വരുന്ന മുസ്്‌ലിം സമുദായത്തിനെതിരേയും വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ ദേശീയ തലത്തില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി സുഭാഷ് ചന്ദ്രന്റെ ഹരജിയില്‍ പറയുന്നു. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങള്‍.ഇന്ത്യയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും ദേശീയ തലത്തില്‍
കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ അക്രമങ്ങള്‍ക്കു കാരണം മുസ്്‌ലിം സമുദായം ഭൂരിപക്ഷമായതാണെന്നും വിവിധ സോഷ്യല്‍ മീഡിയ (ട്വിറ്റര്‍, ഫേസ് ബുക്ക് തുടങ്ങിയവ) അക്കൗണ്ടുകളിലൂടെ വ്യാജമായി ആരോപിക്കുന്നു. മലപ്പുറം ജില്ലക്കു പുറത്തു നടന്ന ഒരു അപകടകത്തെ ബോധപൂര്‍വ്വം ഒരു ജില്ലയിലെ ജനങ്ങള്‍ക്കെതിരെ, വിശിഷ്യാ ഒരു സമുദായത്തിനെതിരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമായ ആദ്യ പ്രചരണം നടത്തിയത് മുന്‍ കേന്ദ്രമന്ത്രി ശ്രീമതി മനേക ഗാന്ധിയാണ്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധിയായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കും മുസ്്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമെതിരെ കടുത്ത വര്‍ഗ്ഗീയ പ്രചരണമാണ് നടക്കുന്നത്.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍, മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കെതിരെ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തും വിധം ബോധപൂര്‍വ്വം വ്യാജ പ്രചരണം നടത്തിയ ശ്രീമതി മനേക ഗാന്ധിക്കെതിരേയും, സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറത്തെ ജനങ്ങള്‍ക്കെതിരേയും ,വിശിഷ്യാ മുസ്്‌ലിം വിഭാഗങ്ങള്‍ക്കെതിരേയും സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയ ഇതര വ്യക്തികള്‍ക്കെതിരേയും (ലഭ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ അറിയിക്കുന്നതാണ്) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 അ,120 ആഉള്‍പ്പടെയുള്ള ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും സുഭാഷ് ചന്ദ്രന്റെ പരാതിയില്‍ പറയുന്നു.