മനാമ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്നു കർശന നിർദേശം നൽകി. ഇന്ന് മുതൽ ( വ്യാഴം ) നിയമം പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം ഇരുപത്തി ആറു മുതൽ അടച്ചിട്ട വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ ഉപാധികളോടെ ഇന്ന് വൈകുന്നേരം മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. കച്ചവട കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരും നിര്ബന്ധമായി ഇനി മുതൽ മാസ്ക് ധരിക്കണം. ഇത് ലംഘിക്കുന്നവർക്ക് പിഴയും അധികൃതർ ഏർപെടുത്തിയിട്ടുണ്ട്. പുതിയ മെഡിക്കൽ ഫെയ്‌സ് മാസ്കുകൾ 180 ഫിൽസ് വീതം വിൽക്കുമെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. നിലവിൽ ബഹ്‌റൈനിൽ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾക്കും മുൻകരുതൽ നടപടികൾക്കും അനുസൃതമായാണ് ഈ നീക്കം