മനാമ: കോവിഡ്-19 രോഗികൾക്ക് ആവശ്യമായ രക്തം സൽമാനിയ മെഡിക്കൽ കോപ്ലക്സുമായി സഹകരിച്ച് 250 പ്രതിഭ വളണ്ടിയർമാർ പല ദിവസങ്ങളിലായി ചേർന്ന് ദാനം ചെയ്യാൻ തീരുമാനിച്ചു.

കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് ഒരു ബുദ്ധിമുട്ടനുഭിവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകൾ ഉൾപ്പെടെ ബഹ്റൈൻ പ്രതിഭയുടെ നാല് മേഖലകൾ കേന്ദ്രീകരിച്ച് പന്ത്രണ്ട് യൂണിറ്റുകൾ വഴി പ്രതിഭ പ്രവർത്തകരുടെയും ഹെല്പ് ലൈൻ അംഗങ്ങളുടെയും നേതൃത്വത്തിൽ നൽകി വരുന്നു.

ബഹ്‌റൈൻ കേരള സമാജത്തിന്റെ ഭക്ഷ്യവസ്തു കിറ്റ് വിതരണത്തിലും പ്രതിഭ ഭാഗമായിരുന്നു.

രാജ്യത്ത് നിലവീലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൊറോണക്കാലത്തു സ്വീകരിക്കേണ്ട മുൻകരുതലുകൾ നാട്ടിൽ ചികത്സ തുടരുന്ന പ്രവാസികളുടെ മരുന്നുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ, കൊറോണ ലക്ഷണങ്ങൾ ഉൾപ്പെടെയുള്ളവ വിശദീകരിച്ച് കൊണ്ട് നോർക്ക ആരോഗ്യ വിഭാഗം കൺവീനർ ഡോ: ബാബു രാമചന്ദ്രൻ ബഹ്‌റൈൻ പ്രതിഭയുടെ ഫേസ്‌ബുക്ക് പേജിലൂടെ സംവദിക്കുകയുണ്ടായി. പ്രതിഭ മുൻ ജനറൽ സെക്രട്ടറി ഷെരീഫ് കോഴിക്കോടാണ് പരിപാടി നിയന്ത്രിച്ചത്.

കൂടാതെ ആകുലതകളും, ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രവാസികളെ ഒന്നിച്ച് നിർത്തി മാനസികോല്ലാസം നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി പലദിവസങ്ങളിലായി പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിക്കുന്ന ഗാനമൃതവും ഫേസ്‌ബുക്ക് പേജിലൂടെ ലൈവിൽ നടന്നു വരുന്നു.

ബഹ്റൈൻ ഗവൺമെന്റിന്റെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വരും ദിവസങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി കൂടുതൽ പ്രവർത്തനങ്ങലുമായി ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വരുമെന്നും ഭാരവാഹികൾ അറിയിച്ചു.