മനാമ: ഗൾഫ് രാജ്യങ്ങളിൽ കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര അഭ്യന്തര മന്ത്രാാലയത്തിന് നിവേദനം സമർപ്പിച്ചു.

കോവിഡ് രോഗമല്ലാത്ത കാരണത്താൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങളെല്ലാം ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിക്കുന്നതിന് ഏപ്രിൽ 23 വരെ യാതൊരുവിധ തടസ്സങ്ങളും കാലതാമസവും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (Non Objection Certificate) വേണമെന്ന് ആവശ്യപ്പെടുന്നു.

നിരാക്ഷേപ പത്രം വേണമെന്നതിനാൽ വിദേശത്തുള്ള ഇന്ത്യൻ എംബസികൾ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ക്ലീറൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ഇല്ലാതെ മുൻപ് ചരക്ക് വിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അത്തരം ഒരു സാഹചര്യം നിലനിൽക്കവെയാണ് പുതിയ ഉത്തരവ് നിലവിൽ വരുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര വ്യമായേന മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം സമർപ്പിച്ചിരിക്കുന്നത്. മാന്യമായ മൃതസംസ്‍കാരം ഇന്ത്യൻ ഭരണഘടനയുടെ 21 ആം വകുപ്പ് ഉറപ്പ് വരുത്തുന്ന മൗലിക അവകാശമാണെന്നും അതിനാൽ കോവിഡ് 19 രോഗകാരണങ്ങളില്ലാതെ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നതായി ബഹ്റൈൻ കോർഡിനേറ്റർ അമൽദേവ് ഓ കെ അറിയിച്ചു. കുവൈറ്റിൽ മൂന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തടഞ്ഞുവെച്ചിരിക്കുന്ന വിവരവും ഇതുകൂടാതെ യു.എ.ഇ, സൗദി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായി മൃതദേഹങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.