മനാമ: കോവിഡ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിന്റ ഭാഗമായി രണ്ടാം ഘട്ടത്തിൽ മെയ്‌ മാസം 16 മുതൽ 22 വരെയുള്ള കാലഘട്ടത്തിൽ 106 വിമാന സർവീസുകൾ ആരംഭിക്കുന്നതിനാണ് കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം. ഈ തീരുമാനം പുനഃപരിശോദിക്കണം എന്നും, ഗൾഫ് മേഖലയിലേക്ക് കൂടുതൽ വിമാന സർവീസ് ആരംഭിക്കണം എന്നും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ ആവശ്യപ്പെട്ടു.
ഈ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിൽ ശ്‌കതമായ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയാറാകണം. രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് ബഹ്റൈനിൽ നിന്ന് ഒരു സർവീസ് മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി നാട്ടിലേക്ക് പോകാൻ തയ്യാർ ആയി നിൽക്കുന്ന അനേകം ആളുകൾ ഉണ്ട്, ഇതിൽ വിദക്ദ്ധ ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിംഗ് വിസയിൽ എത്തി ജോലി കണ്ടുപിടിക്കാൻ സാധിക്കാത്തവർ എന്നിവരെ അടിയന്തിരമായി നാട്ടിൽ എത്തിക്കണം. ഈ ഗണത്തിൽപ്പെടുന്ന, എംബസിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ആളുകൾക്കും നാട്ടിൽ പോകാൻ അവസരം ഉണ്ടാക്കണം. എയർ ഇന്ത്യക്കോ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ലോ ഇത്രയും ആളുകളെ നാട്ടിൽ എത്തിക്കാൻ സാധിക്കില്ല എങ്കിൽ വിദേശരാജ്യങ്ങളുടെ വിമാന സർവീസിനെ ആശ്രയിക്കണം. വിദേശരാജ്യങ്ങളുടെ വിമാന സർവീസ് ആണ് ആശ്രയിക്കുന്നത് എങ്കിൽ അങ്ങനെയുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ആളുകളുടെ കോവിഡ് പരിശോധന നടത്തുന്നതിന് നെഗറ്റീവ് റിസൾട്ട്‌ വരുന്ന ആളുകൾക്ക് മാത്രം യാത്രാ അനുമതി നൽകുന്നതിന് ഉള്ള നടപടികൾ എംബസികൾ മുഖേന ശ്രമിക്കാവുന്നതാണ്. ആയിരക്കണക്കിന് പരിശോധനകൾ ആണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. പരിശോധനഫലം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഭിക്കും എന്നുള്ളതും വളരെ അനുകൂല ഘടകമാണ് എന്നും ഒഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.