ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാളെ മുതല്‍ തിരികെയെത്തിച്ചു തുടങ്ങും. ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഉള്‍പ്പടെ 12 രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ ഒഴിപ്പിക്കുന്ന ഒരാഴ്ച നീളുന്ന പദ്ധതിക്കാണ് വിദേശകാര്യമന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. ഇതിനായി എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ 64 സര്‍വ്വീസുകള്‍ നടത്തും. മെയ് ഏഴു മുതല്‍ 13 വരെ ഓരോ ദിവസവും രണ്ടായിരത്തിലധികം പേരെ ഇന്ത്യയിലെത്തിക്കും. ആദ്യദിനം 10 വിമാനങ്ങളിലായി 2300 പേരാണ് ഇന്ത്യയിലെത്തുക. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, യു.കെ, സിംഗപ്പൂര്‍, മലേഷ്യ, യു.എസ്.എ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ഒരാഴ്ച ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്.

12 രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരെ തെരഞ്ഞെടുത്താണ് 14,800 പേരുടെ ലിസ്റ്റ് ഹൈക്കമ്മീഷണര്‍മാര്‍ തയ്യാറാക്കിയിരിക്കുന്നത്. എംബസികള്‍ കൈമാറുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റുകള്‍ നല്‍കുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റുകളുടെ ചാര്‍ജ്ജ് യാത്ര ചെയ്യുന്നവര്‍ സ്വയം വഹിക്കണം. കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ഇവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുക. വിമാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. നാട്ടിലെത്തിയാല്‍ പരിശോധനയും 14 ദിവസത്തെ ക്വാറന്റീനുമുണ്ടാകും. തുടര്‍ന്ന് കൊവിഡ് പരിശോധനക്കും വിധേയമാകണം. ക്വാറന്റീന്‍ കാലത്തെ ചെലവുകള്‍ സ്വയം വഹിക്കണം. വിമാനങ്ങള്‍ക്ക്  പുറമെ കപ്പലുകളിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. ഇതിനായി കൂറ്റന്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ജലാശ്വ വിശാഖപട്ടണത്തില്‍ നിന്ന് പുറപ്പെട്ടു. മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കപ്പലിലായിരിക്കും രാജ്യത്തെത്തിക്കുക.