ദോഹ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഖത്തര്‍ മുന്നോടിപ്പോകുകയാണ്. പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ഖത്തര്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ലോകത്ത് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നതും ഈ അറബ് രാജ്യത്താണ്. മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ഏകദേശം നാല്‍പ്പത്തിയൊന്ന് ലക്ഷം ഇന്ത്യ രൂപ!

ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മാസ്‌ക് നിരബന്ധമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

ഇതുവരെ മുപ്പതിനായിരത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളാണ് 2.75 ദശലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്,
പതിനഞ്ചു പേര്‍ മരിക്കുകയും ചെയ്തു.

നിലവിൽ അമ്പത് രാജ്യങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കിയത്. ആഫ്രിക്കന്‍ രാഷ്ട്രമായ ഛാഡില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണം. മൊറോക്കോയില്‍ മൂന്നു മാസം തടവു ശിക്ഷയും 1300 ദിര്‍ഹം പിഴയും ഒടുക്കണം. മറ്റൊരു അറബ് രാഷ്ട്രമായ കുവൈത്തില്‍ അയ്യായിരം ദിനാറാണ് പിഴ.

ആറ് അറബ് രാഷ്ട്രങ്ങളിലായി 137,400 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 693 മരണങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സൗദിയിലാണ് കൂടുതല്‍ കേസുകളുള്ളത്. 54,700 പോസിറ്റീവ് കേസുകളും 312 മരണങ്ങളും. യു.എ.ഇയാണ് രണ്ടാമത്. 23,350 പോസിറ്റീവ് കേസുകളും 220 മരണങ്ങളും.