ന്യൂഡല്‍ഹി: കോവിഡിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ഗൗരവമായി ബാധിക്കുമെന്ന് പഠനങ്ങള്‍. ധനക്കമ്മി 7.9 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ, ജി.ഡി.പിയുടെ 3.5 ശതമാനം ധനക്കമ്മിയാണ് ഈ വര്‍ഷത്തില്‍ പ്രവചിക്കപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിക്കുന്നത്.

കോവഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണര്‍വ്വിനായി പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ പത്തു ശതമാനം വരും. ലോക്ക് ഡൗണ്‍ മൂലം വരുമാനം കുറയുകയും ചെലവു വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് ധനക്കമ്മിക്ക് കാരണമായി റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ധനക്കമ്മി കൂടുന്നതിന് പുറമേ, പൊതു കടത്തിലും വന്‍ വര്‍ദ്ധന പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി സര്‍ക്കാര്‍ കടം 62 ശതമാനത്തില്‍ 66 ശതമാനമായാണ് (2019) വര്‍ദ്ധിച്ചത്. അതേസമയം തന്നെ ഇക്കാലയളവില്‍ പലിശ നിരക്ക് (റിപ്പോ നിരക്ക്) എട്ടര ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി താഴുകയും ചെയ്തു. 2020 സാമ്പത്തിക വര്‍ഷത്തില്‍ അത് 4.4 ശതമാനമാകുകയും ചെയ്തു- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിലുള്ള കുറവാണ് ധനക്കമ്മിയുടെ കാരണങ്ങള്‍. ഇതു മറികടക്കാനായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയോ മൂലധന വിപണികളിലൂടെ പണം സ്വരൂപിക്കുകയോ ആണ് ചെയ്യുക. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യുക എന്നതില്‍ വ്യക്തതയില്ല.