“മതവിദ്യാഭ്യാസം കുട്ടികളുടെ ശിആറാക്കി മാറ്റുക”: ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍

മനാമ: സമസ്ത ബഹ്റൈന്‍ ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച മദ്റസാ പ്രവേശനോത്സവം ശ്രദ്ധേയമായി.
ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ സമസ്ത മദ്റസകളില്‍ നിന്നുള്ള പ്രതിനിധികള്‍, മദ്റസാ അദ്ധ്യാപകര്‍, മാനേജ്മെന്‍റ്, പോഷക സംഘടനാ പ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ഓണ്‍ലൈന്‍ പ്രവേശനോത്സവം നടന്നത്.

ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഇത്തവണ മദ്റസാ പഠനം ഓണ്‍ലൈനിലൂടെയായതിനാല്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

മത വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത മാതാപിതാക്കള്‍ സ്വയം ഉള്‍ക്കൊണ്ട് മക്കളെ അതിനായി പ്രോത്സാഹിപ്പിക്കേണ്ടത് അവരുടെ ഫര്‍ളായ കടമയാണ്. അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് ആ ചുമതല എറ്റെടുത്തിട്ടുള്ള മദ്റസകളിലെ ഉസ്താദുമാര്‍, മദ്റസാകമ്മറ്റികള്‍ എന്നിവര്‍ക്ക് വാജിബുമാണ്. ഇപ്രകാരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മതവിദ്യാഭ്യാസം കുട്ടികളുടെ ശിആറാക്കി മാറ്റണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എസ് എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. വിവിധ ഏരിയകളെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ച് സയ്യിദ് യാസർ ജിഫ്രി, ഹംസ അൻവരി മോളൂർ, മുഹമ്മദ് മുസ് ലിയാർ എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി, നമീർ ഫൈസി, ശംസുദ്ധീന്‍ ഫൈസി, റഷീദ് ഫൈസി, റബീഅ് ഫൈസി അന്പലക്കടവ്, കരീം മാസ്റ്റർ, അശ്റഫ് കാട്ടിൽ പീടിക, ശഹീര്‍ കാട്ടാന്പള്ളി, ശാഫി വേളം, നൗഷാദ് ഹമദ് ടൗൺ, ഇസ്മായീൽ പയ്യന്നൂർ എന്നിവര്‍ സംസാരിച്ചു.

ഉസ്താദ് ഹാഫിസ് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്ത് നടത്തി
ജന.സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി സ്വാഗതവും അശ്റഫ് അൻവരി നന്ദിയും പറഞ്ഞു.