മനാമ: മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെട്ട് ജാതി മത വർണ്ണ വിവേചനങ്ങൾ അനുഭവിക്കുന്നവരുടെ സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പ് വരുത്താൻ ഇരകൾ ഐക്യപ്പെട്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു.

‘വംശീയതയുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിരന്തരം വംശഹത്യ നേരിട്ട് കൊണ്ടിരിക്കുന്ന ദലിത്- മുസ്ലിം സ്വത്വ പ്രശ്നങ്ങളോട് താൽക്കാലികവും ഉപരിപ്ലവവുമായ പരിഹാര പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, എന്ത്കൊണ്ട് ഇത്തരം സ്ഥിതി വിശേഷങ്ങൾ സംഭവിക്കുന്നു എന്നും അതിന് പിന്നിലെ അടിസ്ഥാന കാരണങ്ങളെ ചോദ്യം ചെയ്ത് സമൂഹത്തെ ബോധവാൻമാരാക്കുക എന്നതുമാണ് നിലവിൽ രാജ്യം യുവാക്കളിൽ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ പ്രവർത്തനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ വി.കെ അനീസ് അധ്യക്ഷത വഹിച്ച ഓൺലൈൻ പരിപാടിയിൽ യൂനുസ് സലിം മോഡറേറ്റർ ആയിരുന്നു. സാജിർ ഇരിക്കൂർ, സുഹൈൽ മുഹമ്മദ് എന്നിവർ സാങ്കേതിക സഹായം നൽകി. സിപി അനീസ് സ്വാഗതവും വി.എൻ മുർഷാദ് നന്ദിയും പറഞ്ഞു.